Wednesday, December 18, 2013

അവസ്ഥാന്തരത്തില്‍!!!!!

വെറുത്തു വെറുത്തു വെറുപ്പിന്‍റെ പാരമ്മ്യത്തില്‍ ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങുന്ന ഒരു നാള്‍ വരും!!!!!
അന്ന് പക്ഷെ നിന്നെ ഇത്രയും നാള്‍ വെറുത്തത്തിന്‍റെ ശിക്ഷയായി
ഞാന്‍ എന്നെ ഈ ആല്‍മരത്തിന്റെ കൊമ്പില്‍ കൊന്നു കെട്ടിതൂക്കും!!!!
അങ്ങനെ നാം എന്നും ഒരു സമാന്തര രേഖകള്‍ ആയി തന്നെ തുടരും!!!!

"സുജിത് മേനോന്‍"

പകുപ്പ്!!!

നിന്നില്‍ ഞാന്‍ എഴുതുന്ന കവിതകള്‍ ഓരോന്നും മൂന്നായ്‌ പകുക്കപെടുന്നുണ്ട്!!!
അതില്‍ ഒരു പകുതി താവഴി വഴി തിരിച്ചോഴുകി,പൂര്‍വ്വത്തില്‍ ലയിക്കുന്നു!!!
പിന്നെ ഒരു പകുതി അനുഗാമികള്‍ വഴി മുന്നോട്ടൊഴുകി സ്വപ്നങ്ങളും പ്രതീക്ഷകളും ആയി ഖനീഭവിച്ചു മേഘങ്ങളായി പെയ്യാന്‍ വിതുമ്പി മൂടികെട്ടി നില്‍ക്കുന്നു!!!
ഇനിയും ഒരു പകുതി,അവസാന പകുതി, നമ്മില്‍ പരസ്പരം ഒഴുകി ഒരു കടലായി നിറഞ്ഞു നില്‍ക്കുന്നു!!!!

"സുജിത് മേനോന്‍"

ചൂരല്‍ക്കാടുകള്‍.....

"കൊടുംകാറ്റുകള്‍ തകര്‍ത്തെറിയുന്നത് തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ഗര്‍വ്വുകളെ മാത്രമാണ്!!!
ആ ചൂരല്ക്കാടുകളെ നോക്കു....അവയിപ്പോഴും ഒരു പുഞ്ചിരിയോടെ അവിടെത്തന്നെയുണ്ട്"

"സുജിത് മേനോന്‍"

കള്ളക്കടത്ത്...

ഒരു മരണമൊക്കെ പല്ലില്‍ ഒളിപ്പിച്ചു നടക്കുക
അത്ര അനായാസം ഒന്നുമല്ല!!!!
ഒഴുകി ഒഴുകി ഒരു കടല്‍ കാണാതെ തളര്‍ന്ന പുഴയെ
ഒരൊറ്റ ദംശനത്താല്‍ കുടിച്ചു വറ്റിച്ചുകളയും പോലെയോ!!!
അല്ലെങ്കില്‍ എഴുതി എഴുതി ഒരു പൂര്‍ണ്ണ വിരാമം കാണാതെ ...
തളര്‍ന്നു വീഴുന്ന കവിതയില്‍ ഒരൊറ്റ ദംശനത്താല്‍ ഒരു
പൂര്‍ണ്ണ വിരാമം ഇട്ടു വയ്ക്കുന്ന പോലെയോ ഒക്കെ ആണെന്ന് വേണമെങ്കില്‍ പറയാം എന്ന് മാത്രം!!!
എന്നാലും ഒരു മരണമൊക്കെ ഒരൊറ്റ വാക്കില്‍ ഒളിപ്പിച്ചു നടക്കും പോലെ അത്ര ശ്രമകരം ആണെന്ന് പ്രയാനോന്നും വയ്യ!!!

"സുജിത് മേനോന്‍"

വെളുപ്പും കറുപ്പും...

നിറം ഏഴും തിന്നു വിളറിയ ഒരു ചിരിയുമായി നില്‍പ്പുണ്ട്
ഒരു വെളുപ്പ്‌... പക്ഷെ...
അജീര്‍ണ്ണം പിടിച്ചു നിറമേഴും ച്ഛര്‍ദ്ധിച്ചു അവസാനം കറുത്തിരുണ്ട് പോകുമെന്ന് ഓര്‍ത്തില്ല്യ പാവം!!!

സുജിത് മേനോന്‍"

ശരിയായിരിക്കാം....

"ഏതൊരു വിജയിയായ പുരുഷന്‍റെ നേട്ടത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടായിരിക്കുമത്രേ!!!! അതെ ഒരു പുരുഷന്‍ അവനെ തിരിച്ചറിയുന്നത് ഒരു സ്ത്രീയിലൂടെ ആയിരിക്കും..... അതുപക്ഷേ ഉദാത്തമായ പ്രേമത്തിലൂടെയോ അതല്ലെങ്കില്‍ ആഴത്തിലുള്ള ഒരു മുറിവിലൂടെയോ അവള്‍ നല്‍കുന്ന തിരിച്ചറിവിലൂടെ ആയിരിക്കും എന്ന് മാത്രം!!!

"സുജിത് മേനോന്‍"

ആത്മഹത്യയിലേക്ക് ഇറങ്ങുന്ന ഒറ്റയടിപ്പാതകള്‍ !!!!

ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ടു,വഴിയും ദിശയും തെറ്റി അലഞ്ഞു,ഒടുവില്‍,
വഴിയെല്ലാം അവസാനിക്കുന്നിടത്ത് നിങ്ങള്‍ക്ക് ഇരുളടഞ്ഞ ഒരു ഒറ്റയടിപ്പാത കാണാം... അണഞ്ഞു തുടങ്ങിയ പ്രതീക്ഷയുടെ ചൂട്ട് ഒന്നുകൂടെ ആളിക്കത്തിച്ചു ആ ഒറ്റയടിപ്പാതയിലോട്ടു നിങ്ങള്‍ ഇറങ്ങുമ്പോള്‍,മുന്‍ഗാമികളുടെ തേങ്ങല്‍ ഒരു നേര്‍ത്ത പദനിസ്സ്വനം പോലെ നിങ്ങള്‍ക്ക് കേള്‍ക്കാം!!! അവിടെ ഒരു പക്ഷെ ഞാനും നിങ്ങളും ഒരു നിലാവില്‍ എന്ന പോലെ കണ്ടുമുട്ടിയേക്കാം!!!
"സുജിത് മേനോന്‍"

സഖി നിന്നോട്...

സഖി, നീ കാണുന്നുണ്ടോ ഒരു വേനല്‍പുഴ പോലെ വറ്റി വരങ്ങുണങ്ങി കിടക്കുന്ന
നമ്മുടെ പ്രണയം?
ദുഖങ്ങള്‍ ഖനനം ചെയ്ത ഗര്‍ത്തങ്ങളില്‍,അങ്ങിങ്ങായി,ഒരു ഒഴുക്കിനു കാതോര്‍ത്ത് തളം കെട്ടി കിടക്കുന്ന നമ്മുടെ ജീവിതം?
അതെ.... ഒരു വര്‍ഷക്കാലം ഈ പുഴ എന്നേ മറന്നിരിക്കുന്നു!!!!!

"സുജിത് മേനോന്‍"

യാത്രാമൊഴി....

"ഇന്നിതുവരെ ഞാന്‍ നടന്ന വഴികളിലെല്ലാം പ്രതീക്ഷയുടെ ചൂട്ടുവെളിച്ചവുമായി,
നീയുണ്ടായിരുന്നു വഴികാട്ടാന്‍.....
ഇനിയാ അണഞ്ഞ ചൂട്ടുമായി നീയെന്റെ ഓര്‍മ്മകള്‍ക്ക് കൂട്ടിരിക്ക....
ഈ കരയില്‍ നിന്നെ ഉപേക്ഷിച്ചു ഞാനീ ഏകാന്തതയുടെ കയത്തിലേക്ക് തനിച്ചു ഇറങ്ങട്ടെ!!!!
"സുജിത് മേനോന്‍"

ഇന്നലെ പെയ്ത മഴയില്‍...

മഴയിന്നലെ രാത്രി മുഴുവന്‍ എന്നെ ഇറുകെ കെട്ടിപിടിച്ചു കിടന്നു കൊണ്ട് പതം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു....
അവളുടെ കരച്ചിലിന്റെ സംഗീതത്തില്‍ എപ്പോഴോ ഞാന്‍ മയങ്ങി...
രാവിലെ ഉണര്‍ന്നു നോക്കുംബോഴുണ്ട്,ഒരു കണ്ണീര്‍ കടല്‍ മാത്രം ബാകിയാക്കികൊണ്ട് അവളെപ്പോഴേ എഴുന്നേറ്റു പോയ്കഴിഞ്ഞിരുന്നു!!!!!!

"സുജിത് മേനോന്‍"

സൂര്യകാന്തി

ഒരു സൂര്യകാന്തിപൂ ഒരിക്കലും തനിച്ചാകുന്നില്ല്യ....
ആ കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കു....
ഒരു സൂര്യന്‍ എന്നും അവള്‍ക്കു കാവലുണ്ട്!!!!!

"സുജിത് മേനോന്‍"

കാലത്തോട്

"മരണത്തെക്കാള്‍ വലിയ സത്യമൊന്നും ഒരു കാലത്തിനും ഇന്നോളം പറയാന്‍ സാധിചിട്ടില്ല്യ!!!
"മരണത്തിലേക്ക് മാത്രം പൂത്ത ചില ജീവിതങ്ങള്‍ ഉണ്ടത്രേ!!!
ഒരു ജന്മം മുഴുവന്‍ പൂക്കാന്‍ മറന്നു നിന്നവ!!!!"



 "സുജിത് മേനോന്‍"


 

പരിവേദനങ്ങളില്‍ നിന്ന്

"പുഴയിന്നൊരു പരിവേദനവുമായി വന്നിരിക്കുന്നു....
കാലങ്ങളായി ഒരു അണക്കെട്ട് തന്നെ വീട്ടു തടങ്കല്ലില്‍ വച്ച് പീഡിപ്പിച്ചു കൊണ്ടിരിക്കയാനെന്നു!!!"

"സുജിത് മേനോന്‍"

ഒരു കവിതയെ ആസ്വദിക്കുന്ന വിധം ....

കവിത ആസ്വദിക്കുക അത്ര എളുപ്പം ഒന്നുമല്ല!!!!
ഒരു കാമുകന്‍ തന്റെ കാമുകിയെ പ്രാപിക്കുന്ന പോലെ ശ്രമകരം ആണത്!!!
നോക്കണം... ഒരു ബാലാത്കാരത്തിന്റെ യാതൊരു സാധ്യതകളും അവിടെ ഇല്ല്യാ.....
കവിതയെ ഉറുംബടക്കം ചേര്‍ത്ത് പുണരണം!!!
ശ്രദ്ധിക്കണം!!!! ഉപമകളും ഉത്പ്രേക്ഷകളും ചുളിയരുത്!!!
നഗ്നമായ വരികളില്‍ മിഴികള്‍ ഓടിക്കണം ...
അവയെ ചുംബിച്ചു ഉണര്‍ത്തണം....
നോക്കണം,...അലങ്കാരങ്ങളും വൃത്തങ്ങളും ഉടയരുത്!!!
കവിതയൊരു നേര്‍ത്ത സീല്കാരത്താല്‍ മിഴികള്‍
കൂമ്പിയടയ്കുന്നുണ്ടാവും അപ്പോള്‍!!!
എന്നിട്ട് കണ്ണടച്ച്....ശ്വാസം പിടിച്ചു
പച്ചയായ കവിതയുടെ നഗ്നമായ ആഴങ്ങളിലേക്ക്
മുങ്ങാംകുഴിയിടണം....എന്നിട്ട് ...
നിര്‍വൃതിയുടെ ഏതെങ്കിലും ഒരു തീരത്ത് ഒരു ജഡമായി അടിയണം!!!
നോക്കണം.... ഭാവനയുടെ പരല്‍ മീനുകള്‍ കൊത്തി മുറിവേല്‍പ്പിച്ചിട്ടുണ്ടാവും
അപ്പോഴേക്കും ആ ജഡത്തില്‍!!!!

"സുജിത് മേനോന്‍"

കവിതയില്‍ നിന്ന്....

ഉപ്പോളം വരില്ല്യ ഉപ്പിലിട്ടത്‌ എന്നെല്ലാം പറയാം എങ്കിലും...
കവിതയോളം വലുതൊന്നുമല്ല, അതിലെ ഉപമ...
എന്നാല്‍,കയ് വിടുവിച്ചു ചിതറി ഓടുന്ന വാക്കുകളെ......
ചെവിക്കു പിടിച്ചു തിരികെ പെറുക്കി കൊണ്ടുവരുന്നുണ്ടത് !!!
എന്നാലും... കവിതയോളം വലുതൊന്നുമല്ല ഒരു കവി..
ഇടയ്ക്കിടെ "ഞാന്‍"..."ഞാന്‍"...എന്ന് കയ് പൊക്കി എഴുന്നേറ്റു നില്‍ക്കുന്ന കവിയെ ..
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാല്‍,അവിടെ തന്നെ ഇരുത്തിക്കളയുന്നുണ്ടത്!!!
എന്നാലും, പലവട്ടം തള്ളി പഠിപ്പിച്ചു വിട്ട അര്‍ത്ഥങ്ങള്‍
പറയാന്‍ മറന്നു,കണ്ണും മിഴിച്ചു,കുന്തം കണക്കെ എഴുന്നേറ്റു നില്‍ക്കും ചില വാക്കുകള്‍ കവിതയില്‍..
ചിലപ്പോഴോ... പാകമാവാത്ത ഒരര്‍ത്ഥം എടുത്ത് അണിയാന്‍ ശ്രമിച്ചു പരാചയപ്പെട്ടു..
"പറ്റുന്നില്ല്യ" എന്ന് കയ്മലര്‍ത്തി കാണിക്കാനും മതി!!!
ഒരു സംഘ നൃത്തത്തിന് പഠിപ്പിച്ചു കയറ്റി വിട്ടതാണ്
പ്രാസത്തെയും..പിന്നെ ഉപമയെയും, എന്നിട്ടും...
സഭാകമ്പം നിമിത്തമാവും, സദസ്സിലിരുന്നു ഞാന്‍ നോക്കുമ്പോഴുണ്ട്..
കവിതയിലേക്ക് കയറാതെ തലവാചകത്തില്‍ തന്നെ ചിണുങ്ങി ചിണുങ്ങി നില്‍പ്പാണ് രണ്ടും!!!

"സുജിത് മേനോന്‍"

എന്നിരുന്നാലും ....

ഒരു മണം കൊണ്ട് മാത്രം മരണത്തെ തിരിച്ചറിയുന്നുണ്ട്...
ഉറുമ്പുകള്‍,പക്ഷെ മുഴുവനോടെ കാണാന്‍ മാത്രം വലിയ കണ്ണുകള്‍ ഇല്ലെങ്കിലും!!!
വീണ്ടും ഒരു മണം കൊണ്ട് മാത്രം മധുരത്തെ തിരിച്ചറിയുന്നുണ്ട്..
ഉറുമ്പുകള്‍, പക്ഷെ മുഴുവനോടെ നുണയാന്‍ മാത്രം വലിയൊരു നാവ് ഇല്ലെങ്കിലും!!!

"സുജിത് മേനോന്‍"

മഴ വന്നു പോയപ്പോള്‍

ഒരു മഴയുണ്ട്!!!
വേനലിന്‍റെ ഉച്ചയില്‍ തിടുക്കപ്പെട്ടു വീട്ടിലേക്കു കയറിവരും...
തികച്ചുംഅപ്രതീക്ഷിതമായ ആ കാഴ്ചയുടെ മൂര്‍ച്ചയില്‍
നാം തരിച്ചു നില്‍ക്കും...
ഇറങ്ങി പോയതിനു ശേഷമാവും ഒന്ന് കയറി ഇരിക്കാന്‍ പോലും പറഞ്ഞില്ല്യല്ലോ......
ഒരു ഗ്ലാസ്‌ വെള്ളം പോലും കൊടുത്തില്ല്യല്ലോ... എന്നെല്ലാം നാം വെപ്രാളപെടുക!!!!
ഓടി ചെന്ന് നോക്കുമ്പോഴേക്കും മഴ ദൂരെ വളവും കഴിഞ്ഞു മറഞ്ഞിട്ടുണ്ടാവും!!!
എന്താണ് മഴ പറഞ്ഞിട്ട് പോയതെന്ന് പോലും കേട്ടിട്ടുണ്ടാവില്ല്യ നാം അപ്പോള്‍ !!!

        " സുജിത് മേനോന്‍ "

യുദ്ധാവശേഷം!!!

സന്ധി സംഭാഷണങ്ങളും സമാധാന ചര്‍ച്ചകളും പരാജയപ്പെടുംബോഴാണ്,
പലപ്പോഴും യുദ്ധം ഉണ്ടാകുന്നത്!!!!
ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ ഒരു യുദ്ധത്തെ പറ്റിയാണ് പറഞ്ഞു വരുന്നതെന്ന്!!!!...
തിര്‍ച്ചയായും അല്ല!!!
യുദ്ധം, നിസ്വരാക്കി കളഞ്ഞ ചില ബാല്യങ്ങള്‍ ഉണ്ട്!!!!
പക വീണു പൊട്ടി, ചിന്നി,ചിതറി തെറിച്ചു പോയ നിഷ്കളങ്കതകള്‍
പെറുക്കി കൂട്ടി സൂക്ഷിച്ചു വെച്ച ഒരു കടലാസു പെട്ടി മാത്രം
സ്വന്തം എന്ന് പറയാന്‍ വിധിക്കപെട്ടവര്‍!!!
യുദ്ധം, നിസ്വരാക്കി കളഞ്ഞ ചില കൌമാരങ്ങള്‍ ഉണ്ട്!!!!
അശാന്തിയുടെ പുക പിടിച്ചു കരിഞ്ഞ സ്വപ്നങ്ങള്‍ തൂക്കിയ
ഭീതിയുടെ ചുമരുകള്‍ മാത്രം സ്വന്തമെന്നു പറയാന്‍ വിധിക്കപെട്ടവര്‍!!!
യുദ്ധം, നിസ്വരാക്കി കളഞ്ഞ ചില യവ്വനങ്ങള്‍ ഉണ്ട്!!!!
യുദ്ധ ഭൂമിയില്‍ സ്വന്തം ശരീരം വെടിമഴയായി
പെയ്തു തീരാന്‍ മാത്രം നിയോഗിക്കപെട്ടവര്‍!!!
ഇനിയും, യുദ്ധം നിസ്വരാക്കി കളഞ്ഞ ചില വാര്‍ദ്ധക്യങ്ങള്‍ ഉണ്ട്!!!!
യുദ്ധ ഭൂവില്‍ കളഞ്ഞു പോയ സ്വന്തം ജീവിതം തിരഞ്ഞു
പ്രാഞ്ചി പ്രാഞ്ചി നടന്നു അവിടെത്തന്നെ വീണു മരിക്കാന്‍ മാത്രം ജനിച്ചവര്‍!!!
അതെ!!!! ഞാന്‍ പറഞ്ഞു വന്നത് യുദ്ധങ്ങളെ പറ്റിയേ അല്ല!!!!
പക്ഷെ, ചില യുദ്ധാവശേഷങ്ങളെ പറ്റി മാത്രമാണ്!!!!

"സുജിത് മേനോന്‍"

ഉപദേശകരോട്

എന്നെ ഉപദേശിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്
നിന്നോട് എനിക്ക് ഒരു ചോദ്യമുണ്ട്!!!!
നാളിതുവരെ ഉള്ള എന്റെ ലോകം!!! അവിടെ വിളഞ്ഞു നില്‍ക്കുന്ന
അനുഭവങ്ങള്‍,ഭാവനകള്‍, കല്‍പ്പനകള്‍,സങ്കടങ്ങള്‍,സന്താപങ്ങള്‍,
ദ്വേഷങ്ങള്‍,സ്നേഹങ്ങള്‍ എല്ലാം തന്നെ നിന്റെ ഒരു വാക്കിനാല്‍ ...
ഉഴുതു മറിച്ചു പുതിയ വിത്തുപാകാം എന്നാ നിന്റെ വ്യാമോഹത്തെ
ഞാന്‍ എന്ത് പേരിട്ടു വിളിക്കേണ്ട്‌ു???

"സുജിത് മേനോന്‍"

ഇന്നലെയും അത് സംഭവിച്ചു!!!

മുട്ട വിരിഞ്ഞിറങ്ങിയ ഒരു പ്രാവിന്‍ കുഞ്ഞിനെ ഇന്നലെ പൂച്ച പിടിച്ചു!!!
കവയ്ക്കാന്‍ വെമ്പി നില്‍ക്കുന്ന കവികള്‍ "മാനിഷാദ" പാടി ആചാര വെടികള്‍ മുഴക്കി!!!
അഭിനവ നാരദര്‍ വര്‍ത്തമാനവും പാടി ഈരേഴു പതിനാലു ലോകങ്ങളും ചുറ്റി!!!
അവസാനം അരങ്ങോഴിഞ്ഞപ്പോള്‍...
ശാപത്താല്‍ ശിലയായി പോയ എന്റെ തൂലികയും.....
കരയാന്‍ പോലും മറന്ന, ചോരയില്‍ കുതിര്‍ന്ന ഒരു പിടി മണ്ണും,
പിന്നെ, അടുത്ത മുട്ടയും വിരിയുന്നതും കാത്ത് പൂച്ചയും!!! മാത്രം ബാക്കി!!!

"സുജിത് മേനോന്‍"

ചിലതുണ്ട്!!!


ചില നക്ഷത്രങ്ങള്‍ എന്നും അങ്ങനെയാണ്!!!
ഒരൊറ്റ പ്രാവശ്യം കണ്ണ് ചിമ്മി കാണിച്ചു
മേഘ ഗര്‍ഭങ്ങളില്‍ കയറി ഒളിച്ചു കളയും!!!
എത്ര തന്നെ തിരഞ്ഞാലും കണ്ടുകിട്ടില്ല്യ ഒരിക്കല്‍കുടെ പിന്നീടവയെ!!!
പക്ഷെ,ആ ഒരൊറ്റ നോട്ടത്തിന്റെ തിളക്കം മായില്ല്യ പിന്നീടൊരിക്കലും!!!...

എത്രവട്ടം തന്നെ കാഴ്ചയെ നിലാവിലും വെയിലിലും മാറി മാറി കഴുകി ഉണക്കിയാലും!!!

ചില ജന്മങ്ങള്‍ അങ്ങനെയാണ് എന്നും!!!
ഒരു ചെറിയ മരണം കൊണ്ടൊന്നും
ജീവിതങ്ങളില്‍ നിന്നും
എന്നെന്നേക്കുമായി ഒഴിഞ്ഞു പോകില്ല ഒരിക്കലും!!!
കാറ്റും കനലും ആയി വന്നു നോവിച്ചു കൊണ്ടേയിരിക്കും......
നിലാവില്‍ നിഴലായി വന്നു ഭയപ്പെടുത്തി കൊണ്ടേയിരിക്കും!!!
"ഞാന്‍" ഇപ്പോഴും മരിച്ചിട്ടില്ല്യ എന്ന് വെറുമൊരു മരണം കൊണ്ട് മാത്രം
എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കും!!!


"സുജിത് മേനോന്‍"

ഞാന്‍

അല്ലെങ്കിലും പണ്ടേ ഞാന്‍ അങ്ങനെ ആയിരുന്നല്ലോ ...
പെട്ടെന്നൊന്നും ഒരു ഉത്തരത്തിന്റെ പച്ചപ്പിലേക്ക് നടന്നുകയറാന്‍ കഴിയാത്ത
ഒരു ചോദ്യത്തിന്റെ തുഞ്ചത്ത് കൊണ്ടുപോയി തൂക്കിയിട്ടിട്ടുണ്ടാവും എന്നും എന്റെ ജീവിതം!!!
അത് അവിടെ കിടന്നു ഒരു ഉത്തരത്തിന്റെ സാന്നിദ്ധ്യം അടുതെങ്ങാന്‍ ഉണ്ടോ എന്ന്
തളര്‍ന്ന കണ്ണുകളാല്‍ ഉഴറി തുഴയുന്നുണ്ടാക്കും എന്നും!!!

"സുജിത് മേനോന്‍"